ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്കിലെ വീഡിയോ സന്ദേശം മണിക്കൂറുകളോളം ലഭ്യമാകാതിരുന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ച് മെറ്റ. സാങ്കേതിക പിഴവിനെ തുടർന്നാണ് പോസ്റ്റ് താൽക്കാലികമായി നിയന്ത്രിക്കപ്പെട്ടതെന്നും അത് പിന്നീട് പുനഃസ്ഥാപിച്ചതായും കമ്പനി അറിയിച്ചു.

കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് മെറ്റയുടെ ചീഫ് ഗ്ലോബൽ അഫയേഴ്സ് ഓഫീസർ ജോയൽ കാപ്ലൻ മാപ്പ് പറഞ്ഞത്. “പ്രധാനമന്ത്രിയുടെ പോസ്റ്റ് അബദ്ധത്തിൽ നിയന്ത്രിക്കപ്പെട്ടതിൽ മെറ്റയുടെ പേരിൽ ഖേദം പ്രകടിപ്പിക്കുന്നു,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജൂലൈ 28-ന് ഇന്ത്യൻ യുവാക്കളെ അഭിസംബോധന ചെയ്ത് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച വീഡിയോ സന്ദേശം രാത്രി 12.30 മുതൽ പുലർച്ചെ 5.30 വരെ ഫേസ്ബുക്കിൽ ലഭ്യമല്ലാതിരുന്നതിനെ തുടർന്നാണ് വിവാദം ഉയർന്നത്. സംഭവത്തെ തുടർന്ന് മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ വിശദീകരണത്തിനായി വിളിച്ചുവരുത്തിയിരുന്നു. ബിജെപി എംപിയും പാർലമെന്ററി ഐടി സമിതി അധ്യക്ഷനുമായ നിഷികാന്ത് ദുബെ, മൂന്ന് ദിവസത്തിനകം മെറ്റ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ഇല്ലെങ്കിൽ കമ്പനിക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷ പിൻവലിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

സംഭവം സാങ്കേതിക തകരാർ മൂലമാണെന്ന് മെറ്റ വിശദീകരിച്ചെങ്കിലും, ആ വിശദീകരണം “പര്യാപ്തമല്ല” എന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം അറിയിച്ചത്.കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം മാത്രമല്ല, കുട്ടികളുടെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റുകളും പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും പാർലമെന്ററി സമിതി മുന്നോട്ടുവച്ചു.

അതേസമയം, മെറ്റയുടെ ഉള്ളടക്ക നിയന്ത്രണ സംവിധാനങ്ങൾ സംബന്ധിച്ചും സർക്കാർ കൂടുതൽ വിശദീകരണം തേടിയിട്ടുണ്ട്. പ്രമുഖ വ്യക്തികളുടെ സ്ഥിരീകരിച്ച അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യുമ്പോൾ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടതായി ഐടി സെക്രട്ടറി എസ്. കൃഷ്ണൻ അറിയിച്ചു.

Incident involving the removal of Modi’s Facebook post: Meta apologizes to the Central Government.

Leave a Reply

Your email address will not be published. Required fields are marked *